Friday, August 22, 2014


നീല
...................................................................

നിള
നീല എന്നും വിളിക്കും ........
നീല ഒരു  നിറം  ,........ഏയ്‌  ......അത് ഒരു പേരു  കൂടിയാണ്  സുഹൃത്തേ ....
നിള  എന്ന പേര്  ലോപിച്ച്  നീല വന്നു
നീല ........
ഓർമ്മ  നീലിച്ചു  നീലിച്ച്  മഞ്ഞ  നിറമുള്ള  കമ്മീസും .......കഴുത്തിൽ  കറുത്ത ചരടും ,
തുമ്പപൂ നിറമുള്ള  പല്ലുകളും ......ചുവന്ന  റബ്ബർ കൊണ്ട്  കുടുക്കിയിട്ട  ചെമ്പിച്ച  മുടികളും ........
അവളുടെ  പേരായിരുന്നു  നീല ......
തമിഴത്തിക്കുട്ടി എന്നു നാട്ടുകാരും  നീല  എന്ന്  ഞങ്ങളും വിളിച്ചു പോന്ന നീല
ലോവർ പ്രൈമറി ക്ളാസിൽ പഠിക്കുന്ന  ഞങ്ങളെക്കാൾ  ഇളപ്പം ......... ഏറിയാൽ എട്ടു  വയസ്സ്

ഞങ്ങൾ സ്കൂളിൽ പോകുമ്പോൾ അവൾ തമിഴന്മമാരുടെ കൂടെ പണിക്കു പോകും
പണിക്കു പോകും എന്ന് പറയുമ്പോൾ ........
മണിക്കൂറുകളോളം പിക്കാസ്സു കൊണ്ട്  കുനിഞ്ഞു  നിന്ന്  കുഴിവെട്ടുന്ന തമിഴന്മമാർ
നടുനിവർത്തുമ്പോൾ  വായിൽ  ദാഹ ജലം ഒഴിച്ച്  കൊടുക്കുന്ന  പണി ......

യൂണിഫോം ഇട്ടു ബാഗും തൂക്കി പോകുന്ന ഞങ്ങളെ  അവൾ കണ്‍  നിറയെ നോക്കി നിൽക്കും ........ കണ്ണിൽ  അത്ഭുതം  കൂറും .......
പിന്നെ  ക്ഷീണിച്ചവർക്ക്  വെള്ളം  വായിൽ  ഒഴിച്ച്  കൊടുക്കും .......
തിരുച്ചു വരുമ്പോൾ പിന്നെയും  ഞങ്ങളെ   മിനുട്ടുകളോളം  നോക്കി നിൽക്കും ......
പിന്നെ  ഒറ്റക്കി  മണ്ണപ്പം  ചുട്ടു  കളിക്കും ........

വീടിനു  എതിർ വശത്തുളള വയൽക്കരെ  കെട്ടിയ ഷെഡിലായിരുന്നു അവളുടെയും  കുടുംബത്തിന്റെയും  അന്തിയുറക്കം .....
സന്ധ്യക്ക്‌ തമിഴന്മമാർ വരിവരിയായി  പണികയറി പോകുമ്പോൾ ഏറ്റവും  പിന്നിലായി  നിലത്തു  നോക്കി  നടക്കുന്ന  അവളുണ്ടാകും ...
ഊഞ്ഞാലാടുന്ന ഞങ്ങളിലേക്ക്  അങ്ങനെയുള്ള  തിരിച്ചു നടത്തങ്ങളിൽ അവളുടെ  നോട്ടം    പാളി  വരും ....
പിന്നെ  മുന്നേ  നടക്കുന്നവരെ  പേടിച്ചു  ഒറ്റയ്ക്ക്  നടന്നകലും .......
ചുവന്ന  കവർ ഇളം മഞ്ഞ കമ്മീസിനു  മേലെ തൂക്കി  വയലിനപ്പുറം ഉള്ള  വീട്ടിലേക്കു  നടന്നകലുമ്പോൾ
അസ്തമയ സൂര്യൻ  അവളുടെ  മെടഞ്ഞിട്ട  തലമുടിയുടെ തൊട്ട്  മുകളിൽ ആയിരിക്കും ..............പലപ്പോഴും

പാതി രാത്രിയിലും  വയൽക്കരെ  നിന്നും തമിഴന്മമാർ  കള്ളുകുടിച്ചു ബഹളം വെക്കുന്നത്
ചീവിടുകളുടെ കരച്ചിലിനിടയിൽ  കേൾക്കാം ......
എത്ര  മാത്രം  ഏകാന്തമായിരിക്കാം   അവളുടെ രാത്രികൾ .......

ശനിയും ഞായറും  ഞങ്ങൾക്ക്  അവധി വരും .കളികളുടെ  ഉത്സവം .
 കണ്ണ്  കെട്ടി കലം   ഉടക്കൽ  കളി
ഒരാളുടെ  കണ്ണ്  കറുത്ത  തുണി കൊണ്ട്  മുറുക്കികെട്ടും ...
കലം  തൂക്കിയിട്ടതിനു  ഏകദേശം  അടുത്ത്  അയാളെ  മറ്റുള്ളവർ കൊണ്ട് നിർത്തും
നിശ്ചിത  സമയത്തിനുള്ളിൽ  അയാൾ  വടി  കൊണ്ട്  കാലം ഉടക്കണം .......

അന്ന്  രാവിലെ  പണിക്കാരുടെ  കൂടെ  പോകുന്ന അവളെ  ഞങ്ങൾ മാടി  വിളിച്ചെങ്കിലും
ഒന്നും  മിണ്ടാതെ  നടന്നു നീങ്ങി ......
അടുത്ത  ദിനം  ഞായർ ..........
അച്ഛനമ്മമാരുടെ  മൗനാനുവാദം കിട്ടി  അവൾ  വന്നു .....

നീല  എന്ന്  നീട്ടി  വിളിച്ചു
അന്ന്  രണ്ടു  തവണയും  അവൾ  കലം ഉടച്ചു
ജീവിതത്തിൽ  ആദ്യമായിട്ടാണെന്ന്  തോന്നുന്നു  അവൾ  പൊട്ടിപൊട്ടി ച്ചിരിച്ചു
മൂന്നാം  വട്ടവും  അവളുടെ കണ്ണ്  കെട്ടി ....
ഞങ്ങളുടെ  കൂടെയുള്ള  ഒരാൾ  കണ്ണ് മുറുക്കിക്കെട്ടിയ  അവളെ  ഇത്തവണ
ദൂരെ  ഒരിടത്താണ് കൊണ്ട് നിർത്തിയത് .......തമാശക്കി .......
കലം  ആരോ  ഒരാൾ ഇതിനിടക്കി  അഴിച്ചു  മാറ്റുകയും  ചെയ്തു .

കഥയറിയാതെ മിനിട്ടുകളോളം കണ്ണിലെ കെട്ടഴിച്ചു മാറ്റാതെ  നീല  കലവും തേടി  വടി  ചുഴറ്റി നടന്നു
ഒടുവിൽ താഴെ  വീഴും  വരെ .......
പൊട്ടിചിരിക്കുന്നവർക്കിടയിൽ നിന്നും  അവൾ കറുത്ത  തുണി  അഴിച്ചു മാറ്റി ....
പറ്റിക്കപെട്ടു  എന്ന്  തിരിച്ചറിഞ്ഞു ...
ഒരു  കണ്ണു നീർത്തുള്ളി ........എനിക്ക്  നേർക്ക്‌  ദൈന്യ മാർന്നൊരു നോട്ടം ......
ഞാൻ  ആയിരുന്നല്ലോ  അവളെ  കളിയ്ക്കാൻ  ആദ്യമായി  ക്ഷണിച്ചത് ....
നീല  പിന്നെ  തിരിച്ചു  നടന്നു
വയൽക്കരെ ദൂരം  ഞാനും  നടന്നു .........  തിരിച്ചു  പോന്നു

പിന്നെയും നാലു   ഞായർ കഴിഞ്ഞു .....
കാണി  കീറുന്ന പണിക്കാരുടെ കൂട്ടത്തിൽ  അവളെ  ചില  ദിവസങ്ങളിൽ  കാണാതായി ......
ഒരിക്കൽ കലം ഉടക്കുന്ന  ബഹളത്തിനിടയിൽ  ആരോ  ഒരാൾ  വന്നു  പറഞ്ഞു
ആ  അണ്ണാച്ചി ക്കുട്ടി  മരിച്ചു ........മഞ്ഞപ്പിത്തമായിരുന്നു .......
ഗവന്മെന്റു  ആശുപത്രീലാ  മരണം .............

മനസിനുള്ളിൽ ഒരാന്തൽ പോലെ ............മഞ്ഞ നിറമായ  ചന്ദന കമ്മീസ് ......മെടഞ്ഞിട്ട  മുടി
ഒറ്റക്കുള്ള  മണ്ണപ്പം  ചുട്ടു കളി , തല കുമ്പിട്ടുള്ള നടത്തം , ദൈന്യ  നോട്ടം , ഏകാന്തത
പിന്നെ തിരിച്ചു  നടത്തം ........

നീല അന്ന് ദാഹജലം  പകർന്നു  കൊടുത്ത  സ്ഥലത്ത്  ഇന്ന്  വീതി   കൂടിയ  റോഡു  വന്നു
തമിഴന്മമാർ  എന്നോ  സ്ഥലം  വിട്ടു .........വയൽ നികത്തി ......പകരം  കെട്ടിടം  വന്നു
ഇന്നും
കാലിടറുമ്പോൾ , പരാജിതനെന്നു തോന്നുമ്പോൾ , വയലിനപ്പുറം  പോകുന്ന  ഒരു  തിരിച്ചു  നടത്തം  തികട്ടി  തികട്ടി  വരും....
ഓർമ്മ  നീലിച്ച്  നീലിച്ച് ................................................




No comments:

Post a Comment