Friday, February 26, 2016

എപ്പോള്‍ വേണമെങ്കിലും മരിച്ചു പോയേക്കാവുന്ന ഒരു ഭാഷയുമായി നിരന്തരം കത്തുകളെഴുതി പരാജയപ്പെടുന്നു ഒരാള്‍.
എല്ലാവര്‍ക്കും തിരിച്ചു പോകാനുള്ള ഇടങ്ങളുണ്ട്. സ്വീകരണങ്ങള്‍ ഇല്ലെങ്കിലും ഉണ്ടെങ്കിലും അവിടെ തന്നെ എത്തിച്ചേരണം.
കുറേക്കാലം അത് മൂന്നു മലകള്‍ക്ക് നടുവിലുള്ള ഒടുമേഞ്ഞ വീടായിരുന്നു.
ഇടവഴിയിലൂടെ നേരെ പോയാല്‍ വലിയൊരു പടുമാവ് അതു കഴിഞ്ഞുള്ള വളവു തിരിഞ്ഞ് വലതുവശത്ത് കുത്തനെ കോണികളുള്ള നാലാമത്തെ വീട് എന്നാണ് വല്ലപ്പോഴും വരുന്ന കത്തുകളോട് ഒലമടയാന്‍ വരുന്ന ജാനുവേടത്തിയും മുറുക്കാന്‍ കടയിലെ രാഘവേട്ടനും പറഞ്ഞിരുന്നത്.
കുത്തനെയുള്ള നാല്‍പത് കല്‍പടവുകള്‍ കയറി വേണം വീടെത്താന്‍.
വീട്ടിലേക്കുള്ള പതിനെട്ടാമത്തെ പടവിലെ നാലാമത്തെ കല്ല് ഇപ്പോഴും ഇളകി നില്‍ക്കുന്നു. കയറുന്പോള്‍ സൂക്ഷിക്കണം.
കോണിപ്പടികള്‍ക്ക് സമാന്തരമായി കുത്തനെ ഒരു റോഡു വന്നതും കളിച്ചു വളര്‍ന്ന നല്ല മണ്ണൊക്കെ ഒലിച്ചുപോയതും വീടിനെപ്പോലെ ഞാനുമറിഞ്ഞില്ല,
മൂന്നു മലകള്‍ക്കു നടുവിലുള്ള സുരക്ഷിതത്വം
വല്ലപ്പോഴും എത്തിച്ചേരുന്ന ഒരിടമായി.
പുല്ലു നിറഞ്ഞ പതിനെട്ടാമത്തെ കല്ലങ്ങനെ തന്നെ ഇളകി നില്‍ക്കുന്നുണ്ട്.
വൈകുന്നേരങ്ങളില്‍ നടുവിലത്തെ പടവിലിരുന്നു താഴെ റോഡിലൂടെ പോകുന്നവരെയും വാഹനങ്ങളെയും ഇപ്പോള്‍ ആരും നിരീക്ഷിക്കാറില്ല. ആ വഴി നടക്കാറില്ല.
വല്ലപ്പോഴും പട്ടിയോ പൂച്ചയോ കോഴിയോ അതു വഴി കടന്നു വരും.
ശിപായി മരിച്ചപ്പോള്‍ പോയിരുന്നു.
ഒരു ഒരേയൊരു കത്തയക്കാന്‍ കുറേക്കാലമായി ആഗ്രഹം.
മേല്‍വിലാസം ആണ് ഒരു ചോദ്യചിഹ്നം.
നഗര മധ്യത്തിലെ ഫ്ലാറ്റിലെ വീട്ടിലെ കുപ്പത്തൊട്ടി നിറയെ വക്കു പൊട്ടിയ കത്തുകള്‍, തെളിമയില്ലാത്ത ഭാഷകള്‍, ചിരിവരുന്ന കെട്ടുകഥകള്‍...
ഒരോന്നിനും തിരിച്ചു പോകാന്‍ ഒരോരോ ഇടങ്ങളുണ്ട്......
ആരും നടക്കാത്ത കോണി വഴിയിലെ പച്ചപ്പുല്ല് പൊതിഞ്ഞ ഇളകിയ കല്ലിനെപ്പോലെ
വായിക്കപ്പെടാത്ത വാചകങ്ങളിലെ ഒരു വാക്ക് അങ്ങനെ പച്ചപിടിച്ച് ഇളകി നില്‍ക്കുന്നുണ്ട്. 
ഏറ്റവും വിഷാദം നിറഞ്ഞ ഒരു വരിയുമായി അവസാനിപ്പിക്കണം.
തീക്കരി പിടിച്ച ഒരു കലണ്ടര്‍.
ദിനാന്ത്യങ്ങളില്‍ അസ്വസ്ഥമായി ചുരുട്ടിക്കൂട്ടപ്പെട്ട തീവ്രമായ ഈരടിക്കൂട്ടങ്ങള്‍.....
എഴുതപ്പെടാതെ പോയ വരികളിലായിരുന്നു ശരിക്കും  ഞാനും നിങ്ങളും നമ്മളും അവരുമെന്ന്
പറിച്ചു നടാനിരിക്കുന്ന കറുപ്പും ചുവപ്പും നിറത്തിലുള്ള അക്കങ്ങളുടെ അടക്കം പറിച്ചില്‍
അടര്‍ന്നു പോവുക.. അടര്‍ന്നു പോവുക. ..............
കൂട്ടിമുട്ടാത്ത നേര്‍രേഖകളാണെങ്കിലും
നമുക്കിടയിലൊക്കെ പുഴ എന്നു പേരിട്ട് വിളിച്ച ഒരു ഒഴുക്കുണ്ടായിരുന്നല്ലോ..
അത്ര പെട്ടന്നൊന്നും ആഴങ്ങളിലേക്ക് ആണ്ട് പോകാത്തത്.
ദിശയറിയാത്ത ഒഴുക്ക്...
തിരിച്ചറിവുകളുടെ മണ്ണില്‍ തിരിച്ചറിയപ്പെടാത്ത വേരുകള്‍ കണ്ടു മുട്ടുമായിരിക്കും..
വരണ്ട വേനലിലും ഒഴുകിപ്പരക്കുന്നു പുഴ എന്നു പേരിട്ട നിശബ്ദത....
ആഴമുള്ള ചുഴികളില്‍പ്പെട്ടുപോകാതെ സൂക്ഷിക്കണമെന്നും
തണുപ്പില്‍ മുഖം മുട്ടി ഒഴുകുന്പോള്‍ ദിശാബോധ്യം വേണമെന്നും
അന്തര്‍മുഖനായാലും , അരികുചേര്‍ന്ന് മാത്രം ഒഴുകിപ്പോവരുതെന്നും
മുങ്ങിത്താഴുന്ന ഉറുന്പുകളെ കണ്ടാല്‍ കൂടെക്കൂട്ടണമെന്നും
പുഴയിലേക്ക് അടര്‍ന്നു വീഴും മുന്പ് ഇലയോട് ആ വലിയ പഴയ മരം പലവട്ടം പറ‍ഞ്ഞതാണ്.......
ഒരു മാസം , ഒരാണ്ട്
അതല്ലെങ്കില്‍ കുറച്ചു കൂടി ദിവസങ്ങള്‍
അത്രയുമേ
അയാളുടെ സ്മരണ ദൂരം നിലനില്‍ക്കൂ..
ഉപയോഗിച്ച പേന , വാക്കുകള്‍
സ്റ്റീല്‍ പാത്രം, മുറിക്കയ്യന്‍ ഷര്‍ട്ട്
നൂറ്റാണ്ടുകളുടെ കഥപറയുന്ന നാലുമുറി
ഇവയെല്ലാം തന്നെ ഏറ്റവും വേണ്ടപ്പെട്ടവര്‍ക്ക് പോലും
ഇക്കാലയളവില്‍ വെറും വസ്തുക്കളാകും.
ഇതിനിടക്കി എണ്ണിയാല്‍ തീരാത്ത മഴത്തുള്ളികള്‍
വെയില്‍ വസന്തം ഒക്കെ വന്നു പോകും.
അയാള്‍ ഇവിടെയെവിടെയൊക്കെയോ ഉണ്ടായിരുന്നല്ലോ
എന്ന് ദേശത്തെ ഏതെങ്കിലും ഒരാള്‍ , അല്ലെങ്കില്‍ ചിലര്‍
ഒരിക്കല്‍ മാത്രം നെടുവീര്‍പ്പെടും
അയാള്‍ നടക്കാന്‍ ശ്രമിച്ച നിന്നിനേക്കുള്ള വഴി തേഞ്ഞു പോകും
അതിലൂടെ പുതിയ ആളുകള്‍ വന്നു ചേര്‍ന്നേക്കും.
ലോകത്തിലെ ഏറ്റവും വലിയ തടാകം കണ്ണുകളല്ലെന്നും
ഒര്‍മ്മ ഒരു വാക്ക് മാത്രമാണ് എന്ന് തിരിച്ചറിയും.
എന്നിട്ടും
നമ്മള്‍ പരസ്പരം പറഞ്ഞും എഴുതിയും പറ്റിക്കുന്നു.
ഒരിക്കലും മറക്കില്ല എന്ന്.....................

Wednesday, April 22, 2015

ആഴം 
....................................................................
കഴിഞ്ഞ  വർഷം ഈ സമയങ്ങളിൽ 
ഭാഷയുടെ തീരങ്ങൾ കടന്ന് 
ഞാൻ ഒരു വാക്ക് തേടിപ്പിടിച്ചിരുന്നല്ലോ 

അതീവ സ്നേഹത്തോടെ തന്നെ 
ഇക്കഴിഞ്ഞ കാലങ്ങളിൽ 
പോയ വഴിയിലൊക്കെ അതും കൂട്ട് വന്നിരുന്നു 
അപരിചിതമായ വഴികളിൽ 
അനുസരണയോടെ അത് മുട്ടിയുരുമ്മി നിൽക്കും 

എന്തൊക്കെയായാലും ഒറ്റപ്പെടൽ എന്ന വാക്ക് എല്ലാവർക്കും വഴങ്ങുന്ന ഒരു വാക്കല്ല ....

അങ്ങനെ നടക്കുമ്പോൾ,  ഒരുനാൾ 
എന്റെ വിരലുകൾ ആ വാക്കിനുള്ളിൽ തണുത്തു മരവിക്കുമായിരിക്കും 
അതുവരേക്കും 
ഏറ്റവും ഏകാന്തത നിറഞ്ഞ ആ വാക്കിനോട് വിശ്വസ്തത പുലർത്തുക 
...........................................................................

Friday, April 10, 2015

കഴിഞ്ഞ വർഷം ഈ സമയങ്ങളിൽ
ഒരു പുഴ ഉണ്ടായിരുന്നല്ലോ
പകൽ മുഴുവൻ ആകാശത്തെയും
രാത്രി താരാജാലത്തെയും ഞാൻ പിടിച്ചിട്ട ജലശയ്യ
..................
ഭൂമിയിൽ കാക്ക തൊള്ളായിരം
പുഴകൾ ഉണ്ടെന്നു കടൽ പോലൊരു മഴത്തുള്ളി
..................

ഞാൻ കൂടെ ഒഴുകുമെന്ന് കരുതി
ആകാശം പിടിച്ചിട്ടിരിക്കുന്നു
തലയ്ക്കു മുകളിൽ
എപ്പോഴും പേയ്തേക്കാവുന്ന
ഒരു ജലശയ്യയെ .........