Friday, August 22, 2014


നീല
...................................................................

നിള
നീല എന്നും വിളിക്കും ........
നീല ഒരു  നിറം  ,........ഏയ്‌  ......അത് ഒരു പേരു  കൂടിയാണ്  സുഹൃത്തേ ....
നിള  എന്ന പേര്  ലോപിച്ച്  നീല വന്നു
നീല ........
ഓർമ്മ  നീലിച്ചു  നീലിച്ച്  മഞ്ഞ  നിറമുള്ള  കമ്മീസും .......കഴുത്തിൽ  കറുത്ത ചരടും ,
തുമ്പപൂ നിറമുള്ള  പല്ലുകളും ......ചുവന്ന  റബ്ബർ കൊണ്ട്  കുടുക്കിയിട്ട  ചെമ്പിച്ച  മുടികളും ........
അവളുടെ  പേരായിരുന്നു  നീല ......
തമിഴത്തിക്കുട്ടി എന്നു നാട്ടുകാരും  നീല  എന്ന്  ഞങ്ങളും വിളിച്ചു പോന്ന നീല
ലോവർ പ്രൈമറി ക്ളാസിൽ പഠിക്കുന്ന  ഞങ്ങളെക്കാൾ  ഇളപ്പം ......... ഏറിയാൽ എട്ടു  വയസ്സ്

ഞങ്ങൾ സ്കൂളിൽ പോകുമ്പോൾ അവൾ തമിഴന്മമാരുടെ കൂടെ പണിക്കു പോകും
പണിക്കു പോകും എന്ന് പറയുമ്പോൾ ........
മണിക്കൂറുകളോളം പിക്കാസ്സു കൊണ്ട്  കുനിഞ്ഞു  നിന്ന്  കുഴിവെട്ടുന്ന തമിഴന്മമാർ
നടുനിവർത്തുമ്പോൾ  വായിൽ  ദാഹ ജലം ഒഴിച്ച്  കൊടുക്കുന്ന  പണി ......

യൂണിഫോം ഇട്ടു ബാഗും തൂക്കി പോകുന്ന ഞങ്ങളെ  അവൾ കണ്‍  നിറയെ നോക്കി നിൽക്കും ........ കണ്ണിൽ  അത്ഭുതം  കൂറും .......
പിന്നെ  ക്ഷീണിച്ചവർക്ക്  വെള്ളം  വായിൽ  ഒഴിച്ച്  കൊടുക്കും .......
തിരുച്ചു വരുമ്പോൾ പിന്നെയും  ഞങ്ങളെ   മിനുട്ടുകളോളം  നോക്കി നിൽക്കും ......
പിന്നെ  ഒറ്റക്കി  മണ്ണപ്പം  ചുട്ടു  കളിക്കും ........

വീടിനു  എതിർ വശത്തുളള വയൽക്കരെ  കെട്ടിയ ഷെഡിലായിരുന്നു അവളുടെയും  കുടുംബത്തിന്റെയും  അന്തിയുറക്കം .....
സന്ധ്യക്ക്‌ തമിഴന്മമാർ വരിവരിയായി  പണികയറി പോകുമ്പോൾ ഏറ്റവും  പിന്നിലായി  നിലത്തു  നോക്കി  നടക്കുന്ന  അവളുണ്ടാകും ...
ഊഞ്ഞാലാടുന്ന ഞങ്ങളിലേക്ക്  അങ്ങനെയുള്ള  തിരിച്ചു നടത്തങ്ങളിൽ അവളുടെ  നോട്ടം    പാളി  വരും ....
പിന്നെ  മുന്നേ  നടക്കുന്നവരെ  പേടിച്ചു  ഒറ്റയ്ക്ക്  നടന്നകലും .......
ചുവന്ന  കവർ ഇളം മഞ്ഞ കമ്മീസിനു  മേലെ തൂക്കി  വയലിനപ്പുറം ഉള്ള  വീട്ടിലേക്കു  നടന്നകലുമ്പോൾ
അസ്തമയ സൂര്യൻ  അവളുടെ  മെടഞ്ഞിട്ട  തലമുടിയുടെ തൊട്ട്  മുകളിൽ ആയിരിക്കും ..............പലപ്പോഴും

പാതി രാത്രിയിലും  വയൽക്കരെ  നിന്നും തമിഴന്മമാർ  കള്ളുകുടിച്ചു ബഹളം വെക്കുന്നത്
ചീവിടുകളുടെ കരച്ചിലിനിടയിൽ  കേൾക്കാം ......
എത്ര  മാത്രം  ഏകാന്തമായിരിക്കാം   അവളുടെ രാത്രികൾ .......

ശനിയും ഞായറും  ഞങ്ങൾക്ക്  അവധി വരും .കളികളുടെ  ഉത്സവം .
 കണ്ണ്  കെട്ടി കലം   ഉടക്കൽ  കളി
ഒരാളുടെ  കണ്ണ്  കറുത്ത  തുണി കൊണ്ട്  മുറുക്കികെട്ടും ...
കലം  തൂക്കിയിട്ടതിനു  ഏകദേശം  അടുത്ത്  അയാളെ  മറ്റുള്ളവർ കൊണ്ട് നിർത്തും
നിശ്ചിത  സമയത്തിനുള്ളിൽ  അയാൾ  വടി  കൊണ്ട്  കാലം ഉടക്കണം .......

അന്ന്  രാവിലെ  പണിക്കാരുടെ  കൂടെ  പോകുന്ന അവളെ  ഞങ്ങൾ മാടി  വിളിച്ചെങ്കിലും
ഒന്നും  മിണ്ടാതെ  നടന്നു നീങ്ങി ......
അടുത്ത  ദിനം  ഞായർ ..........
അച്ഛനമ്മമാരുടെ  മൗനാനുവാദം കിട്ടി  അവൾ  വന്നു .....

നീല  എന്ന്  നീട്ടി  വിളിച്ചു
അന്ന്  രണ്ടു  തവണയും  അവൾ  കലം ഉടച്ചു
ജീവിതത്തിൽ  ആദ്യമായിട്ടാണെന്ന്  തോന്നുന്നു  അവൾ  പൊട്ടിപൊട്ടി ച്ചിരിച്ചു
മൂന്നാം  വട്ടവും  അവളുടെ കണ്ണ്  കെട്ടി ....
ഞങ്ങളുടെ  കൂടെയുള്ള  ഒരാൾ  കണ്ണ് മുറുക്കിക്കെട്ടിയ  അവളെ  ഇത്തവണ
ദൂരെ  ഒരിടത്താണ് കൊണ്ട് നിർത്തിയത് .......തമാശക്കി .......
കലം  ആരോ  ഒരാൾ ഇതിനിടക്കി  അഴിച്ചു  മാറ്റുകയും  ചെയ്തു .

കഥയറിയാതെ മിനിട്ടുകളോളം കണ്ണിലെ കെട്ടഴിച്ചു മാറ്റാതെ  നീല  കലവും തേടി  വടി  ചുഴറ്റി നടന്നു
ഒടുവിൽ താഴെ  വീഴും  വരെ .......
പൊട്ടിചിരിക്കുന്നവർക്കിടയിൽ നിന്നും  അവൾ കറുത്ത  തുണി  അഴിച്ചു മാറ്റി ....
പറ്റിക്കപെട്ടു  എന്ന്  തിരിച്ചറിഞ്ഞു ...
ഒരു  കണ്ണു നീർത്തുള്ളി ........എനിക്ക്  നേർക്ക്‌  ദൈന്യ മാർന്നൊരു നോട്ടം ......
ഞാൻ  ആയിരുന്നല്ലോ  അവളെ  കളിയ്ക്കാൻ  ആദ്യമായി  ക്ഷണിച്ചത് ....
നീല  പിന്നെ  തിരിച്ചു  നടന്നു
വയൽക്കരെ ദൂരം  ഞാനും  നടന്നു .........  തിരിച്ചു  പോന്നു

പിന്നെയും നാലു   ഞായർ കഴിഞ്ഞു .....
കാണി  കീറുന്ന പണിക്കാരുടെ കൂട്ടത്തിൽ  അവളെ  ചില  ദിവസങ്ങളിൽ  കാണാതായി ......
ഒരിക്കൽ കലം ഉടക്കുന്ന  ബഹളത്തിനിടയിൽ  ആരോ  ഒരാൾ  വന്നു  പറഞ്ഞു
ആ  അണ്ണാച്ചി ക്കുട്ടി  മരിച്ചു ........മഞ്ഞപ്പിത്തമായിരുന്നു .......
ഗവന്മെന്റു  ആശുപത്രീലാ  മരണം .............

മനസിനുള്ളിൽ ഒരാന്തൽ പോലെ ............മഞ്ഞ നിറമായ  ചന്ദന കമ്മീസ് ......മെടഞ്ഞിട്ട  മുടി
ഒറ്റക്കുള്ള  മണ്ണപ്പം  ചുട്ടു കളി , തല കുമ്പിട്ടുള്ള നടത്തം , ദൈന്യ  നോട്ടം , ഏകാന്തത
പിന്നെ തിരിച്ചു  നടത്തം ........

നീല അന്ന് ദാഹജലം  പകർന്നു  കൊടുത്ത  സ്ഥലത്ത്  ഇന്ന്  വീതി   കൂടിയ  റോഡു  വന്നു
തമിഴന്മമാർ  എന്നോ  സ്ഥലം  വിട്ടു .........വയൽ നികത്തി ......പകരം  കെട്ടിടം  വന്നു
ഇന്നും
കാലിടറുമ്പോൾ , പരാജിതനെന്നു തോന്നുമ്പോൾ , വയലിനപ്പുറം  പോകുന്ന  ഒരു  തിരിച്ചു  നടത്തം  തികട്ടി  തികട്ടി  വരും....
ഓർമ്മ  നീലിച്ച്  നീലിച്ച് ................................................




Sunday, August 10, 2014

..........................................................................................................................

തിരിച്ചറിവിൽ നിന്നും തിരുമുറിവിൽ നിന്നും 
മുളപൊട്ടും യാത്ര 

ചുരം കയറുമ്പോൾ കോടമഞ്ഞ്‌ ദാ ഇങ്ങനെ കെട്ടിപ്പിടിക്കും 
ഒരുനോട്ടം പോലും നല്കാത്ത  നിശബ്ദദ നീലിച്ച  ആൾക്കൂട്ടവുമായി ഒരു ബസ്സ്‌ 
വളഞ്ഞും പുളഞ്ഞും തണുത്തു മരവിച്ച  പാത ..

വഴിയോരക്കാഴ്ചകൾക്ക് വേഗത പോര 
വഴിയരികിൽ ഒറ്റ മന്ദാരം 
പിന്നെ മരം നിറയെ പൂത്ത  മന്ദാരം 
കണ്ണിലെ  കാഴ്ച ഭ്രമമാകും ......പിന്നെ  ഉന്മാദം പൂക്കും 

ആൾക്കൂട്ടത്തിലെ ആർക്കോ വേണ്ടിയാണ്  മന്ദാരം  പൂത്തതെന്നു 
അവസാന ഇടത്താവളത്തിന്  തൊട്ടു  മുമ്പ്  യാത്രികരിലൊരാൾ  അടുത്തിരുന്നു സ്വകാര്യം പറയും 

ബോധത്തിനും പുറത്തെ കാറ്റിനും ഇടയിൽ പൊട്ടിയ ഒരു ചില്ല് ജാലകം 
തല ചായ്ച്ചു കിടക്കുമ്പോൾ ഊർന്നിറങ്ങുന്ന മഴത്തുള്ളി കാണാം 
ചില്ലിനു മുകളിലൂടെ പിന്നെയും മഴത്തുള്ളികൾ  ആണ്ടിറങ്ങും 
തുരുമ്പെടുത്ത കമ്പികളിൽ പടരും 

വിഷാദ വഴിയിൽ മനസാക്ഷിയുടെ  പാടുകൾ 
എത്ര  മഴത്തുള്ളികൾ വേണ്ടി  വരും ഈ  പാടുകളൊക്കെ ഒലിച്ചു പോകാൻ 
എത്ര മഴ വേണ്ടിവരും ഈ  യാത്ര തന്നെ കുലംകുത്തി ഒലിച്ചു പോകാൻ .............

..........................................................................................................................

Monday, May 19, 2014

തോൽക്കുമെന്ന് ഉറപ്പായ കളിയാണ്‌ കളിച്ചത് 
മധ്യനിരയും കഴിഞ്ഞു കുതിക്കുമ്പോൾ സോക്രട്ടീസ് എന്ന താരത്തിനോടുള്ള ഭ്രമമായിരുന്നു മനസ്സിൽ ......
രണ്ടാം പകുതിയിൽ 3 ഗോളുകൾക്ക് പിറകിലാണ് എന്റെ ടീം ....
3 വട്ടം എസ്കോബർ എന്റെ കാലുകളിലേക്ക് സംക്രമിച്ചു .............
കുറ്റബോധം കൊണ്ട് ശിരസ്സു കുനിയുമ്പോൾ മൈതാനത്തെ 22 ശരീരങ്ങളാണ് എന്റെ ഹസ്തദാനം തേടിയെത്തിയത് ....
മഹാമൌനത്തിലേക്ക് പോകും മുൻപ് വെടിയുണ്ടയുടെ മണം ..........
ജഴ്സിയൂരി തിരിച്ചു കയറുമ്പോൾ കവിളിൽ അന്ത്യ അത്താഴത്തിന് മുൻപ് ഒറ്റുകാരൻ നൽകിയ ചുംബനത്തിന്റെ 22 പതിപ്പുകൾ ..........
പുറത്തു തോറ്റു കൊണ്ടിരിക്കുന്ന ഒരു ജനതയുണ്ട്
ഗ്യാലറിയിലെ ആരവങ്ങൾക്കിടയിൽ ഒരു നിശബ്ദത സൃഷ്ടിച്ചു തോറ്റ ജനതക്കിടയിലേക്ക് തുളച്ചു കയറുകയാണ് .......
കാൽമുട്ടിനൊരു നീറ്റൽ .........പണ്ട് പണ്ട് ...ചരൽ നിലത്തു വീണു പരുക്കേറ്റു സന്ധ്യ സമയത്ത് വീട്ടിലേക്കു ഒറ്റയ്ക്ക് തിരിച്ചു നടക്കും പോലെ ...........................

Wednesday, April 2, 2014

മറവി  തീക്ഷണമായ ഒരു ഭാഷയാണ്
ഒരു  വരിയെഴുതുമ്പോഴേക്കും മുറിഞ്ഞു
പുസ്തകത്താളിൽ  നിറയെ  രക്തച്ചുവപ്പ് ....

.........................
പിന്നെ

തിരസ്കൃതരുടെ  ആത്മഗതം  കേട്ടു  കേട്ട്
മുറിയുടെ  നാലു ചുമരും കരിപിടിച്ചു
ജനാലയുടെ  ഒറ്റപ്പാളി തുറന്നാൽ കാണാം  പച്ച ......
വേനലിൽ , കടും  ചുവപ്പിൽ പൂക്കുന്ന
കാണാതെ  പോയ  ചെടിയുടെ  കവിത്വം ......


........................................................................

അന്തർമുഖത്വം ............
ഒരു  വരിയിൽ  കെട്ടിയിട്ടു  കളഞ്ഞു ...................
നഗരം ഉറങ്ങിയെന്നു  ഉറപ്പു  വരുത്തിയാണ് ഇറങ്ങിപ്പോന്നത്
അരികു  ചേർന്നാണ്  നടന്നതും ....................
ഒരാൾപോലും  കാണില്ലെന്നും  കേൾക്കില്ലെന്നും കരുതി
അടച്ചിട്ട  ഷോപ്പിംഗ്‌ മാളുകളുടെ  അന്തർമുഖത്വം കണ്ടു  കണ്ണ്  മഞ്ഞളിച്ചു
ഇടിച്ചിട്ട  വാഹനം  വന്നതിലും വേഗത്തിലാണ് ഓടിപ്പോയത്
അരികു ചേർന്ന്  നടന്ന  പാതിരാത്രിയിലെ  മരണങ്ങൾ ............

Sunday, March 2, 2014

പാതിരാത്രിയിൽ അപഥ സഞ്ചാരിയായി നടക്കാൻ തോന്നി
ആർത്തലക്കുന്ന കടൽ പിന്നെയും പിന്നെയും കണ്ടു കണ്‍ നിറഞ്ഞു .........
മണൽത്തരിയിൽ പേരെഴുതി മായ്ച്ചു ........
കടല കൊറിക്കുന്ന കാലം പോയതറിഞ്ഞില്ല ......
വരികൾ തെറ്റിച്ചു വായിച്ചു പഠിച്ചതിനാൽ വീട്ടിലേക്കുള്ള വഴിയും തെറ്റി ....
കണ്ണിൽ ഇരുട്ടും ........
വാക്ക് പോലും അനുഗ്രഹിക്കാത്ത കാലത്തൊരു തിരിച്ചു നടത്തം അസാധ്യമെന്നു ജൻമ്മ നക്ഷത്രം .............
ഗൃഹാതുരത എന്നാ ആതുരത കലമ്പുന്നു ......
മടിശീലയിൽ മൌനത്തിന്റെ കനം ബാക്കി
വിഷാദ രാത്രിയിൽ കൊള്ളയടിക്കപ്പെടാനാണു മോഹം ................

വീടിന് വടക്ക് ഭാഗമായിരുന്നു ആ വലിയ വേപ്പിന്മരം . തടി പുറത്തു കാണാത്ത വിധം അതിനെ മുല്ലവള്ളികൾ കെട്ടിപ്പിടിച്ചിരുന്നു ... പാതി രാത്രികളിൽ മുറ്റത്ത്‌ മുല്ലമണം നിറയും .. മരത്തിനു തൊട്ടു താഴെ ചാരുകസേരയിൽ കിടന്നുറങ്ങും ...
രാവിലെ ആദ്യം ചെയ്യുക , നിലത്തുകിടക്കുന്ന മുല്ലപ്പൂക്കൾ പച്ച വാഴ ക്കയ്യിൽ നിന്നും എടുത്ത നൂലിൽ കോർത്തെടുത് ഓട്ടോ ഡ്രൈവർമ്മാർ ക്ക് വിൽക്കുകയാണ് . 
ഒരു മാലക്കി ഒരു രൂപ .എട്ടും പത്തും മാലകൾ കൊടുക്കും.
മുല്ലയുടെ മണമുള്ള ദിനങ്ങൾ നഷ്ട്ടപ്പെട്ടതു എന്നാണെന്ന് അറിയില്ല .
എന്നാൽ അത് നട്ടു വളർത്തിയ വലിയമ്മവാൻ മരിച്ചു കുറച്ചു ദിവസങ്ങൾക്കു ശേഷം
ചുഴറ്റിയടിച്ച കാറ്റിലാണ് കടപുഴകി വീണത്‌ .
ഇക്കഴിഞ്ഞ വേനലിന്റെ അവസാനം പാലക്കാടായിരുന്നു കുറച്ചു ദിവസങ്ങൾ . പോരുമ്പോൾ ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്നും കുറച്ചു വേപ്പിൻ വിത്തുകൾ വാങ്ങി .
വീട്ടിലെത്തുമ്പോൾ മഴ..
ചാണക പ്പൊടിയും മണ്ണും വെണ്ണീറും നിറച്ച കവറിൽ വിത്തുകൾ പാകി . ചിലത് മുളച്ചില്ല .
പെരുമഴക്കാലം കഴിഞ്ഞപ്പോൾ ബാക്കിയായത് മൂന്നു തയ്കൾ സൂര്യ പ്രകാശത്തിൽ തിളങ്ങുന്ന ഇളം തളിരുകളാണ് രാവിലത്തെ കണി .
പണ്ട് വേപ്പുമരം നിന്ന സ്ഥലത്തേക്ക് മാറ്റി നടണം .....................
ഒറ്റമുറിയിൽ എണ്ണപ്പെടാതെ പോകുന്ന മരണങ്ങളെത്ര..............
മണ്ണിൽ ഹരിതം പുതച്ചുറങ്ങും സ്മരണകൾ............
മറവികളെ മരുഭൂമി പുതക്കും .........
സ്മരണകൾ ചേർത്ത് വെച്ചാൽ ഒരു ദ്വീപ്‌ ...........
മറക്കപ്പെട്ടവരെ ചേർത്തുവെച്ചാൽ ഒരു വൻകര .....
ഇതിനിടയിൽ തിര ..തിര .പ്രകമ്പനം കൊള്ളിക്കൊന്നൊരു കടലുണ്ട് ........
...........................